50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Tuesday 11 August 2015

72


പൊന്നുരുകി നീലവാനില്‍
അന്തിയാകുന്നേരം
ചെങ്കദളിപ്പൂവിതറി തെന്നലങ്ങുപോകേ
ആറ്റുവഞ്ചിപ്പൂനിരകള്‍ നാണമാടുന്നേരം
ഓണവില്ലിന്‍ കുഞ്ചലവും പാട്ടുമൂളും പോലെ
മധുമയമായ് ഞാന്‍ മുരളികയൂതാം
കനിയഴകേ നീ തളിരിതളായി
തിലവയലോരത്തുവന്നെന്റെ ചാരേവിടരുമെങ്കില്‍

നീ നീരാടും പുഴയിറമ്പിലെ തുളസിപ്പൂദലമായ് ഞാന്‍ ഒഴുകും
ഈ പൂന്തെന്നല്‍ തഴുകുമാവെണ്ണപ്പളുങ്കുടല്‍ ചുറ്റി നീന്താന്‍
കാരിരുള്‍ തിങ്ങുമളകമിളകുമാ
താളത്തില്‍ മാനത്തെ ചെങ്കുടം മുങ്ങുമീ
ഓളങ്ങളില്‍ പൂക്കളായ് നാം മാറിയെങ്കില്‍ (പൊന്നുരുകി)

നിന്‍ ശ്രീകോവില്‍ നട തുറന്നതിനുള്ളിലെ നെയ്ത്തിരിയായ് ഞാന്‍ എരിയും
ഈ ദീപത്തില്‍ തെളിയുമാ തങ്കത്തളിരുടലൊന്നു പുല്‍കാന്‍
നിന്നരയാടയിഴകളിളകുമാ
താളത്തില്‍ ധൂമത്തിന്‍ നാളങ്ങള്‍ പൊങ്ങുമീ
സന്ധ്യയിതില്‍ നമ്മളൊന്നായ് മാറിയെങ്കില്‍ (പൊന്നുരുകി)

71


പൊന്നോണപ്പാട്ടിന്‍ ഈണവുമായെന്‍
ആതിരപ്പൂമകളോടിവരും
താര്‍മൊഴിതന്‍ തേനൊലിയില്‍
ഓണനിലാവിന്‍ പാലൊളിയില്‍
വാര്‍മതീനിന്‍ പൂമുഖത്തും
ആയിരം തുമ്പപ്പൂ വിടരും

പനിനീര്‍പ്പൂവിതളിന്‍ മിഴിവേ പൂന്തേനുണ്ണാം
കരവീരത്തളിരേ ഊഞ്ഞാലാടിപ്പാടാം
പൂവിറുക്കാന്‍ തുമ്പിതുള്ളാന്‍
വരവായി ഇളവെയിലേറി
ഇടനാടിന്‍ കുളിരും കാറ്റും
ഓണമുണ്ണാനോമലേ

കറയില്ലാപ്പെെതൃകമുണ്ടെന്‍ മനസ്സില്‍ നിധിയായ്
മഞ്ഞക്കരമുണ്ടായ് പൊന്നേ നിന്മെയ്യ് പൊതിയാന്‍
ഓമനിക്കാന്‍ ഓര്‍ത്തുവയ്ക്കാന്‍
മുത്തശ്ശിക്കഥയായ് മാറി
ഇടനെഞ്ചില്‍ പിടയുന്നോണം
ഓര്‍മ്മകളായോമനേ

Tuesday 7 July 2015

70


ഓണപ്പൂവിളി കേള്‍ക്കുന്നേ
ഓണത്താറും കൂടെയുണ്ടേ
ചിങ്ങവെയിലേറ്റു പാടുന്നേ പൈങ്കിളിയും
ചിങ്ങവെയിലേറ്റു പാടുന്നേ 
കളമിടുവാന്‍ നേരമായ് തത്തമ്മേ
ചുണ്ടത്തെ ചെമ്പൂതാ തത്തമ്മേ
ഉത്രാടക്കാഴ്ചകള്‍ കാണാനൊരുങ്ങും
കഥപാടാന്‍ പോരുമോ തത്തമ്മേ (ഓണ)
പൊന്നരിയുടെ ഗന്ധമായ് വീടാകേ
പുലികളിയുടെമേളമായ് നാടാകെ
പൊന്നോണത്തപ്പനെ ഒന്നായ് വരവേല്‍ക്കും
മലനാടിന്‍ കഥപാടൂ തത്തമ്മേ (ഓണ)