50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Tuesday 11 August 2015

72


പൊന്നുരുകി നീലവാനില്‍
അന്തിയാകുന്നേരം
ചെങ്കദളിപ്പൂവിതറി തെന്നലങ്ങുപോകേ
ആറ്റുവഞ്ചിപ്പൂനിരകള്‍ നാണമാടുന്നേരം
ഓണവില്ലിന്‍ കുഞ്ചലവും പാട്ടുമൂളും പോലെ
മധുമയമായ് ഞാന്‍ മുരളികയൂതാം
കനിയഴകേ നീ തളിരിതളായി
തിലവയലോരത്തുവന്നെന്റെ ചാരേവിടരുമെങ്കില്‍

നീ നീരാടും പുഴയിറമ്പിലെ തുളസിപ്പൂദലമായ് ഞാന്‍ ഒഴുകും
ഈ പൂന്തെന്നല്‍ തഴുകുമാവെണ്ണപ്പളുങ്കുടല്‍ ചുറ്റി നീന്താന്‍
കാരിരുള്‍ തിങ്ങുമളകമിളകുമാ
താളത്തില്‍ മാനത്തെ ചെങ്കുടം മുങ്ങുമീ
ഓളങ്ങളില്‍ പൂക്കളായ് നാം മാറിയെങ്കില്‍ (പൊന്നുരുകി)

നിന്‍ ശ്രീകോവില്‍ നട തുറന്നതിനുള്ളിലെ നെയ്ത്തിരിയായ് ഞാന്‍ എരിയും
ഈ ദീപത്തില്‍ തെളിയുമാ തങ്കത്തളിരുടലൊന്നു പുല്‍കാന്‍
നിന്നരയാടയിഴകളിളകുമാ
താളത്തില്‍ ധൂമത്തിന്‍ നാളങ്ങള്‍ പൊങ്ങുമീ
സന്ധ്യയിതില്‍ നമ്മളൊന്നായ് മാറിയെങ്കില്‍ (പൊന്നുരുകി)

71


പൊന്നോണപ്പാട്ടിന്‍ ഈണവുമായെന്‍
ആതിരപ്പൂമകളോടിവരും
താര്‍മൊഴിതന്‍ തേനൊലിയില്‍
ഓണനിലാവിന്‍ പാലൊളിയില്‍
വാര്‍മതീനിന്‍ പൂമുഖത്തും
ആയിരം തുമ്പപ്പൂ വിടരും

പനിനീര്‍പ്പൂവിതളിന്‍ മിഴിവേ പൂന്തേനുണ്ണാം
കരവീരത്തളിരേ ഊഞ്ഞാലാടിപ്പാടാം
പൂവിറുക്കാന്‍ തുമ്പിതുള്ളാന്‍
വരവായി ഇളവെയിലേറി
ഇടനാടിന്‍ കുളിരും കാറ്റും
ഓണമുണ്ണാനോമലേ

കറയില്ലാപ്പെെതൃകമുണ്ടെന്‍ മനസ്സില്‍ നിധിയായ്
മഞ്ഞക്കരമുണ്ടായ് പൊന്നേ നിന്മെയ്യ് പൊതിയാന്‍
ഓമനിക്കാന്‍ ഓര്‍ത്തുവയ്ക്കാന്‍
മുത്തശ്ശിക്കഥയായ് മാറി
ഇടനെഞ്ചില്‍ പിടയുന്നോണം
ഓര്‍മ്മകളായോമനേ

Tuesday 7 July 2015

70


ഓണപ്പൂവിളി കേള്‍ക്കുന്നേ
ഓണത്താറും കൂടെയുണ്ടേ
ചിങ്ങവെയിലേറ്റു പാടുന്നേ പൈങ്കിളിയും
ചിങ്ങവെയിലേറ്റു പാടുന്നേ 
കളമിടുവാന്‍ നേരമായ് തത്തമ്മേ
ചുണ്ടത്തെ ചെമ്പൂതാ തത്തമ്മേ
ഉത്രാടക്കാഴ്ചകള്‍ കാണാനൊരുങ്ങും
കഥപാടാന്‍ പോരുമോ തത്തമ്മേ (ഓണ)
പൊന്നരിയുടെ ഗന്ധമായ് വീടാകേ
പുലികളിയുടെമേളമായ് നാടാകെ
പൊന്നോണത്തപ്പനെ ഒന്നായ് വരവേല്‍ക്കും
മലനാടിന്‍ കഥപാടൂ തത്തമ്മേ (ഓണ)

Wednesday 9 October 2013

69

പൊന്നുതോല്ക്കും പെണ്ണേ പൂത്താലിചാര്‍ത്തി വായോ
ഓലമേഞ്ഞപുരയില്‍ മണിവാകപൂത്തവനിയില്‍
പൂന്തെന്നലായുംവയലില്‍ പൂവിതച്ചുവായോ (പൊന്നുതോല്ക്കും)

ഇളനീര്‍ക്കുടമിറയേന്തിയോ കവിളിലരുണകുടമൂറിയോ
പനിനീര്‍ക്കടലലനീന്തിനീ പ്രമദവനനടുവിലാടിയോ
ആരോ നിന്നിലേതോ ദിവ്യതീര്‍ത്ഥം തൂവി മാഞ്ഞുവോ
തൂവെണ്‍ മഞ്ഞുപെയ്യും കുളിരുലാവും രാവിലേതിലോ
തുളസി കതിര്‍പോല്‍ പതിയെ മൃദുതനു വിടര്‍ന്നോ (പൊന്നുതോല്ക്കും)

കളിമണ്‍മണിയറശയ്യയില്‍ തലിനനവതമതുപാകിയോ
നടുതിരിയാളും കല്‍വിളക്കില്‍ തനുവിന്‍ മെഴുകുമയമേകിയോ
ഏതോ മണ്‍ചിരാതില്‍ കാത്തനാളം കണ്ണില്‍ മിന്നിയോ
ഈറന്‍ മാറിനില്ക്കും നിറനിലാവില്‍ മെയ് കുളുര്‍ന്നുവോ
തരുണീ മണിതന്‍ മനസ്സില്‍ പുതിയൊരു പുളകം (പൊന്നുതോല്ക്കും)

Monday 31 December 2012

68

ഈശ്വരന്‍ കണ്ണു തുറന്നൂ
ഭൂമിയില്‍ സ്വര്‍ഗ്ഗമെന്നൊന്നു പണിഞ്ഞൂ
സുഖവും സ്നേഹവും സന്തോഷവും തീര്‍ത്തു
മനുഷ്യനു നല്കി മറഞ്ഞൂ
അവനിയില്‍ നാകമുണ്ടെന്നുര ചെയ്തു

ആയിരം സംവത്സരങ്ങള്‍ താണ്ടിയ
മനുഷ്യനില്‍ മോഹം കുരുത്തൂ,
ഈശ്വരനാകുവാന്‍ മോഹം വളര്‍ന്നൂ.
രക്തവും സ്നേഹവും തീര്‍ത്ത ബന്ധങ്ങളെ
അഴിച്ചു പിന്നെയും മിടഞ്ഞൂ
പണമെന്ന കടലാസു കൂട്ടിലടച്ചൂ (ഈശ്വരന്‍ )

പാരിലെ മായതന്‍ മോഹവലയം
ഒരുക്കുന്നു നിത്യ ദുരന്തം,
വായ്ക്കുന്നു പാതാള ഭാവം ഭുവത്തില്‍ .
ഈശനെ നിത്യവും പാഴില്‍ പഴിച്ചീടില്‍
തെളിയുമോ നാകകവാടം
മനുജാ നീ നിന്‍ വിധി തനിയേ രചിപ്പൂ (ഈശ്വരന്‍ )


Saturday 20 October 2012

67


ചേതോഹരം നിന്‍ ചഞ്ചല മിഴികള്‍ക്കുള്ളില്‍
നിന്നുതിരും സ്നേഹത്തിന്‍ ഇന്ദ്രനീലക്കതിര്
പ്രണയം മധുവായൊഴുകും ചൊടിയിണയില്‍ പുഞ്ചിരിപ്പൂവഴക് ...

പൂത്തിരുവാതിരനാളില്‍ കയ്യില്‍ താലം തിളങ്ങി
ചാരേയണഞ്ഞു നീ പൊന്‍ തള കാലില്‍ കിലുങ്ങി
നാളെത്ര പോയിരുന്നാലും നിന്‍ കണ്ണിലെ തിരയിളക്കം
എന്‍ നെഞ്ചില്‍ നിറപൊലിയായ് നിശ്ചയം കാത്തിടും ഞാന്‍ (ചേതോഹരം)

താരുണ്യമാളുന്ന മേനി നിന്നില്‍ കാലം വിടര്‍ത്തി
താരങ്ങള്‍ നീല വാനില്‍ വരമാല്യം നിവര്‍ത്തി
നീയെത്ര ദൂരെയായാലും എന്‍ നെഞ്ചിലെ തുടിതരംഗം
നിന്‍ മാറില്‍ പ്രിയമൊഴിയായ് നീ നിറച്ചീടുകെന്നും (ചേതോഹരം)

Wednesday 19 September 2012

66


ചെല്ലച്ചെറു കാറ്റത്തു കൂടുലഞ്ഞു
അമ്മക്കിളിമനം പിടഞ്ഞുറഞ്ഞു
അന്തിവെയില്‍ മാനത്തു വിട പറഞ്ഞു
കണ്ണീര്‍ വിളക്കിലെ തിരി തെളിഞ്ഞു
വഴി മാറിയീ ഇടനാഴിയില്‍
വിങ്ങിയകന്നു രാക്കുയിലും

യാത്രചൊല്ലി വിടവാങ്ങിപോയ കിളി
വരുമോ ഇനിയിതിലെ
രാത്രിമേഘം പതിവായി പാകുമൊരു
നിഴലിന്‍ വഴിയരികില്‍
കേള്‍ക്കും ഈ നോവിന്‍ താളരവം
ഏറ്റുപാടി വരുമോ

പാതിപെയ്ത മിഴിക്കോണിലൂറുമൊരു
മിഴിനീര്‍ പുഴക്കടവില്‍
ആറ്റുവഞ്ചി കൊഴിഞ്ഞാറ്റകം നിറയും
ഇരുളിന്‍ പഴം ശ്രുതിയില്‍
പാടും ഈയാര്‍ദ്ര രാഗമിനി
ഏറ്റുപാടി വരുമോ

Wednesday 25 July 2012

65

വെണ്‍ശംഖില്‍ ശൃംഗാരം
പൂങ്കാറ്റില്‍ ഈറന്‍ മേഘമൂതിയോ
ഇടനെഞ്ചില്‍ പ്രേമത്തിന്‍
ഉലയൂതിയാലില്‍ കാറ്റു മൂളിയോ
എന്നോമലേ നിന്‍ സ്നേഹമോ
എന്റെയുള്ളിലെന്നുമെന്നും പൂമാരിയായ്

ശ്രീവള്ളികള്‍ പൂക്കുന്നപോല്‍
നിന്നാത്മഗന്ധം എന്നില്‍ നിറഞ്ഞു
നിന്‍ വേണിതന്‍ ചുരുളാഭയില്‍
ഈറന്‍ നിലാവില്‍ ഞാനും ലയിച്ചു
പലവേള ഞാനറിഞ്ഞു പ്രണയത്തിന്‍ ആപ്തഹര്‍ഷം
തിലകങ്ങള്‍ പോലണിഞ്ഞു പ്രണയത്തിന്‍ തോരണങ്ങള്‍
നിനക്കായ് ഞാന്‍ വിരിഞ്ഞീടാം പല ജന്മം (വെണ്‍ )

തൂവാനമായ് ആത്മാവിലായ്
നിന്‍പ്രേമവര്‍ഷം പൊഴിയുന്നതും
നിന്‍ ശ്വാസമാം കുളിര്‍കാറ്റിലെന്‍
നോവും കിനാക്കള്‍ കൊഴിയുന്നതും
പലവേള ഞാനറിഞ്ഞു രഥമേറി എന്‍ഹൃദന്തം
നിറമാല ചാര്‍ത്തി നെഞ്ചില്‍ പുളകത്തിന്‍ പൂമരങ്ങള്‍
നിനക്കേകാന്‍ ഇഴകോര്‍ത്തൂ മനമാല്യം (വെണ്‍ )

Thursday 19 April 2012

64


ഹൃദയസരോവരസീമയില്‍ ഒരു രാക്കിളി കേഴുന്നൂ
പ്രണയതപോവനമാകെയും നിഴല്‍ പുഷ്പങ്ങള്‍ പൂക്കുന്നൂ
അരുനീ എന്മനതാരിലേ സ്വരമേഘങ്ങള്‍ തേടുന്നൂ
ചാരുമനോരഥവീഥിയില്‍ മദമാകന്ദം തൂവുന്നൂ

മാനത്തിന്‍ താഴ്വരത്തൂമണ്ണില്‍ മാരിവില്‍ പൂക്കുമ്പോള്‍
മൌനമായ് നീയതില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറുമ്പോള്‍
ഉള്ളിന്നുള്ളില്‍ നീറും സ്നേഹം നാവിന്‍ തുമ്പില്‍ ചാഞ്ചാടുമ്പോള്‍
മൂകയായ് നിന്നതെന്തേ (ഹൃദയ)

ആയിരം കല്‍വിളക്കാകാശത്തമ്പിളി കൂട്ടുമ്പോള്‍
വാര്‍മിഴിപ്പൊന്‍തിരിയാല്‍ മുന്നില്‍ ചിമ്മി നീ നില്ക്കുമ്പോള്‍
നെഞ്ചില്‍ പ്രണയം പെയ്യുമ്പോഴും ചുണ്ടില്‍ പദമായ് തോരുമ്പോഴും
മൌനമണിഞ്ഞതെന്തേ (ഹൃദയ)

Thursday 8 March 2012

63


വിണ്ണില്‍ പൂത്ത സുരസൌന്ദര്യമേ
മണ്ണില്‍ നിന്നെയിന്നു കണ്ടെത്തി ഞാന്‍ 
എന്റെ സ്വപ്നങ്ങളും സര്‍ഗ്ഗസങ്കല്പവും നിന്നെ തേടും നേരം
വന്നു നീ എന്‍ വര്‍ണ്ണവാസന്തമായ്

പൂജാരിയായ് നിന്റെ സാരള്യമെന്‍ 
മനക്കോവില്‍ തുറന്നു പ്രതിഷ്ഠിച്ചു ഞാന്‍ 
സോപാനം മീട്ടി പാടീടാം എന്നും
നിനക്കു മുരളിയുണര്‍ത്തുപാട്ടു പാടും
ഉണരുമുഷസ്സിലനിലനേറ്റു പാടും
കൂടെ ഞാനും താളം തേടുന്നു (വിണ്ണില്‍ )

നിന്‍ഹാസവും കാന്തഭാവങ്ങളും
അകച്ചെപ്പില്‍ നിറച്ചു നിറച്ചാര്‍ത്തുമായ്
പൊന്നൂലിന്‍ തുണ്ടാല്‍ പൂഞ്ചേലാട്ടീടാം
സരളമരുകചലനമോടെയാടും
കരളിലമരുമലരും കൂടിയാടും
കൂടെ ഞാനും താളം തേടുന്നു (വിണ്ണില്‍ )