50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Sunday 26 June 2011

60

പൂമുഖപ്പടിയില്‍ ഒരു തുമ്പപ്പൂ പോലെ
ചുരുള്‍ മുടിത്തുമ്പത്ത് തുളസിയുമായ്
നീ വന്ന നേരത്താ പേരാലിന്‍ ചോട്ടില്‍
നിന്നെന്നുള്ളം കണിക്കൊന്നയായി പൂത്തു

പൂവേ നിന്‍ ദളം തഴുകും തെന്നലില്‍
ഞാനൊരു മലരായി
തേന്‍ നുകരുന്നൊരു ശലഭത്തിന്‍ ചിറകിലെന്‍
അനുരാഗപരാഗം കൊടുത്തയച്ചു (പൂമുഖ)

താരേ നിന്‍ മണം ഒഴുകും തെന്നലില്‍
ഞാനൊരു മഴയായി
നിന്‍ മൃദുവേണിയില്‍ അണിയിക്കാന്‍ മഴവില്ലിന്‍
നിറമേഴും എന്മാറില്‍ കുടഞ്ഞെടുത്തു (പൂമുഖ)

Monday 13 June 2011

59

കണ്ണും കരളും നനഞ്ഞീടില്‍
ഉള്ളിന്‍ മുകിലും മഴയായ് പൊഴിഞ്ഞീടില്‍
നിന്‍ ചാരേ അണയും ഞാന്‍
ഒരു ഛത്രമായ് വിരിയും നിന്നില്‍

പ്രാണനായ് നീ വന്നീടുകില്‍
ഈറന്‍ തോരും മിഴിയില്‍ താനെ

പത്തുവെളുപ്പിനു മുറ്റത്ത് ഞാനൊരു
പട്ടുകസവിനാല്‍ മണ്ഡപം കെട്ടും
നിന്മുഖം വിരിയവേ പുടവ ഞാന്‍ നല്കിടും
ചാരത്ത് നിന്നുനീ മന്ത്രം ചൊല്ലും
സുമംഗലീ നിന്‍ നാണം പടരും

കുത്തുവിളക്കിനു ചുറ്റുമായ് നാമന്ന്
ഏഴു പ്രദക്ഷിണം വച്ചു വരുമ്പോള്‍
പൂക്കളായ് വിരിയുമെന്‍ ഉള്ളിലെ പ്രണയവും
മാറത്ത് ചാര്‍ത്തിയ മാല്യം പോലും
നവമിഥുന കുളിരണിയും

58

തന്നാരം കൊഞ്ചുന്ന കാറ്റേ തഞ്ചത്തില്‍ ചൊല്ലാമോ
സ്നേഹത്തിന്‍ പാലാഴി പേറും എന്നമ്മെ കാണുമ്പോള്‍
പല നാട് പല നാളലഞ്ഞു ഞാന്‍ നീന്തി
അനുഭവ കാളിന്ദി തന്നില്‍
കണ്ടീലയുലകത്തിലെങ്ങുമെന്‍ അമ്മതന്‍
മടിയിലെ വാത്സല്യ പൂക്കള്‍

സ്നേഹാര്‍ദ്രമാമാഴി തുള്ളിത്തുളുമ്പുമാ
ഹൃദയത്തില്‍ ക്ഷമതന്‍ പ്രപഞ്ചം
അലഞ്ഞെത്രനാള്‍ ഞാന്‍ പല പുണ്യഭൂവില്‍
നറുസ്നേഹബിന്ദുക്കള്‍ തേടി
കണ്ടീലയെങ്ങെങ്ങുമെന്നമ്മമനം കാക്കും
അണയാത്ത സ്നേഹത്തിന്‍ ദീപം

അലിവിന്‍നിലാവിന്നഴകാര്‍ന്ന രൂപം
തെളിനീരില്‍ ചാലിച്ച നയനം
കരഞ്ഞെത്രരാവും പകലും മനസ്സില്‍
ഒരുസ്നേഹബാഷ്പം തിരഞ്ഞു
കണ്ടീലയെങ്ങുമെന്നമ്മതന്നുമ്മപോല്‍
പതറാത്തൊരൂഷ്മള സ്പര്‍ശം

Sunday 12 June 2011

57

മുല്ലപ്പൂ സൗരഭമെല്ലാം പൂന്തെന്നല്‍ കള്ളനെടുത്തേ
ഉള്ളം കൈ വാരി നിറച്ചവന്‍ നാടാകെ പാറി നടന്നേ
പൂവാക കൂട്ടിലിരിക്കും
കുഞ്ഞാറ്റക്കുഞ്ഞിനൊരുങ്ങാന്‍
അവന്‍ നുള്ളി നല്കി പൂമണം

പൊന്നിന്‍ കുംഭം തേടി വന്നവന്‍ ഏമ്പുല്ലേറ്റ്  നില്ക്കുന്നേ
മിന്നല്‍ പായും ഭീത രാത്രിയില്‍ കണ്ണഞ്ചിപ്പോയ് നില്ക്കുന്നേ
നാടാകെ കഥകള്‍ ചൊല്ലി
തോരാതെ നുണകള്‍ പാടി
കയ്യാലപ്പൊത്തില്‍ നിറയെ
മുല്ലപ്പൂ നറുമണമാണേ
ഊരാകെ പാറി പാട്ടുമായ്

വിണ്ണില്‍ ചന്ദ്രന്‍ പൂവിറുക്കവേ തഞ്ചം കാത്ത് നില്ക്കുന്നേ
കണ്ണില്‍ തങ്ങും ഭീതി ഉള്ളിലോ നീറും കനലാകുന്നേ
രാവാകെ ശ്രമങ്ങള്‍ പാളി
പാഴാക്കി സമയം പാതി
നാട്ടാരോ കൂട്ടം അണഞ്ഞേ
ആര്‍പ്പുവിളിച്ചൂളമടിച്ചേ
ഊരാകെ കൊട്ടും മേളമായ്

Saturday 11 June 2011

56


ചിന്തകളാലൊരു സിംഹാസനം തീര്‍ത്തു
അതിലൊരു മണിരൂപം കൊത്തി വെച്ചു
മാനസനിള കടഞ്ഞെടുത്ത വെണ്‍മുത്തുകള്‍
ഒതുക്കി നിന്‍പേരതില്‍ കൊത്തി വെച്ചു

കണ്ണിമ പൂട്ടിയാല്‍ രാവില്‍ പൂര്‍ണ്ണേന്ദു
ഉദിച്ചപോല്‍ മിന്നും നിന്‍ മന്ദഹാസം
കണ്ണു തുറന്നാലോ കണ്ണെത്താ ദൂരത്തും
പൂവിരിയുംപോല്‍ നിന്‍ ഇമചലനം

കാല്‍ത്തള കൊഞ്ചുന്ന പാദം നീട്ടി നീ
കളമിട്ടാല്‍ ചിന്നുന്നു ചന്ദ്രകാന്തം
നിന്നെ തഴുകുവാന്‍ കൈയെത്തും നേരത്ത്
കുളിരണിയുന്നെന്നും എന്‍ ഹൃദന്തം

Monday 6 June 2011

55

എന്‍റെ കളി വീടിന്‍ ചില്ലു കിളിവാതില്‍
മുട്ടി മറഞ്ഞവള്‍ ഇവളാരോ
മെല്ലെ മണി മാറിന്‍ ചിത്ര നടവാതില്‍
പാതി തുറന്നവന്‍ ഇവനാരോ
അവള്‍ മതിമണി മിഴികളിലലതല്ലും
അഴകുമായ് കടന്നുവെന്നകതാരില്‍
അവന്‍ പനിമതി മിഴികളില്‍ കുറുമ്പിന്‍റെ
തളിരുമായ് പടികടന്നകതാരില്‍

തൂവാനം പൊഴിയും പോല്‍
അവന്‍ അരികത്തണയുമ്പോള്‍
മനമാകെ നുരയുന്നു
നറുപനിനീര്‍ കടലലകള്‍
അവന്‍ കുടമുല്ല വിരിയുന്നയധരത്തില്‍
ചിരിയുമായ്  ചുവടുവച്ചകതാരില്‍ (എന്‍റെ)

അനുലാസം തുള്ളും പോല്‍
മൃദുവളകം ഉലയുമ്പോള്‍
മിഴിയാകെ നിറയുന്നു
നിറപൊലിയായ് സുമദലങ്ങള്‍
അവള്‍ കരിവള അണിഞ്ഞതിമധുരത്തിന്‍
കിഴിയുമായ്  പടര്‍ന്നുവെന്നകതാരില്‍ (എന്‍റെ)

54

**************************************************************************************************************** ടെക്നോപ്പാര്‍ക്കിലെ കമ്പനികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ 'നടന'യുടെ ഥീം ഗാനമായി സ്വീകരിക്കപ്പെട്ട വരികള്‍
****************************************************************************************************************

നടന സുലളിത കലകള്‍തന്‍ വിളഭൂമി
നവയുഗത്തിന്‍ ഉജ്ജ്വലാഭയുണര്‍ത്തും
നാനാത്വത്തില്‍ ഏകത്വമലിയും സമതവിളയാടും

നാട്യ ശാസ്ത്ര ബോധമുണരും
അഭിനയദര്‍പ്പണവുമുണരും
കലാദേവത നടനമാടും
അരങ്ങിന്‍ മധുരിമയില്‍ (നടന)

ഭാവമുദ്രാനാട്യവാദ്യങ്ങള്‍
മധുരമൊഴിതന്‍ കടലലകള്‍
കുലീനകലതന്‍ പൈതൃകത്തിന്‍
ദീപധ്വജം ഉയര്‍ത്തും (നടന)

Sunday 5 June 2011

53

സുഖദു:ഖങ്ങളല്ലോ എന്നുമീ മണ്ണില്‍
ജീവനൊരര്‍ത്ഥം നല്കീ
ജീവിത യവനികയ്ക്കിരുപുറമായ്
നിഴലുകള്‍ കനവുകള്‍ ചിരമേകി

അഴലിന്‍ അലതല്ലും തീരത്ത് നിന്നൊരു
അംഗാരകമിന്നെടുത്താല്‍
തിരിയും കാലത്തിന്‍ ഭാവം മാറീടും
മാണിക്യങ്ങള്‍ നാളെ തെളിയും
പതറാതെ മിഴി നനയാതെ
കാലത്തിന്‍ കനികളെ സ്വീകരിക്കൂ (സുഖദു:ഖ)

നിറഞ്ഞ മനസ്സിലും ചേക്കേറും ആശതന്‍
അകാശത്താമര നുള്ളാം
സുഖത്തിന്‍ പാടങ്ങള്‍ പൂത്തു നിന്നാടും
മാധുര്യപ്പൂങ്കനി പൊഴിയും
കരയാതെ വിധി പഴിക്കാതെ
കാലത്തിന്‍ പവിഴങ്ങള്‍ സ്വീകരിക്കൂ (സുഖദു:ഖ)