50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Monday 31 January 2011

11

കൊച്ചുവേളി കായലേ നീ
വേളിപ്പെണ്ണിന്‍ ശ്രീയണിഞ്ഞോ
പൊന്മുടി നിന്‍ പൂമണവാളന്‍
പുഴക്കടവില്‍ വന്നണഞ്ഞു

പാലരുവി പുണ്യതീര്‍ത്ഥം
മാരനു നീ നല്‍കുന്നേരം
ഇടവക്കൊടി താംബൂലവും
അടയ്ക്ക നൂറും നല്‍കിടേണം
മന്ത്രകോടി പട്ടണിഞ്ഞ്
സപ്തപദി ചുറ്റിടുമ്പോള്‍
കുഞ്ഞാറ്റകള്‍ സോപാനം പാടും
സൂര്യന്‍ മാറില്‍ പൂത്താലിയാകും
(കൊച്ചുവേളി)

ആറ്റുമാലി മൂങ്കിലൂതും
നാദസ്വരം ചീങ്കുഴലും
മധുമൊഴിയായ് ചൊല്ലേണം നീ
മന്ത്രം അഗ്നി സാക്ഷിയായി
തുമ്പ തോല്‍ക്കും മേനിയിലാ
കോടിമുണ്ടിന്‍ കസവിഴയേ
തെന്നല്‍ അനുരാഗലോലയായ്
നിന്നില്‍ നാണ തിരയിളക്കും
(കൊച്ചുവേളി)

Sunday 30 January 2011

10

മംഗളദീപം തെളിയുകയായി
വിണ്ണിലെ പൂത്തറയില്‍
പുള്ളുവഗീതം തരളിതമായി
കാവിലെ ശ്രീലകത്തില്‍

വാസന്ത പഞ്ചമികള്‍ ചാമരം വീശുകയായ്
സാഗര സീമകളില്‍ ശുഭസുഖ സംക്രമമായ്
ബ്രാഹ്മമുഹൂര്‍ത്തത്തിന്‍ ധന്യ മയൂഖങ്ങളാല്‍ (മംഗള)

ഗോപുര കൊടിമരത്തില്‍ രാക്കിളി പാടുകയായ്
മുടിപ്പുര അങ്കണത്തില്‍ പടയണി ആട്ടവുമായ്
ദേവകള്‍ കാപ്പൊലിയാടുന്ന ശീവേലിയായ് (മംഗള)

താപസ മന്ത്രങ്ങളില്‍ ഗായത്രി ഉണരുകയായ്
ഏകാന്ത യാമങ്ങളില്‍ ഗന്ധര്‍വന്‍ പാടുകയായ്
ഗാന്ധര്‍വ സംഗീത സുഖപരിലാളനമായ് (മംഗള)

Thursday 27 January 2011

9

രാഗം ശ്രീരാഗം 
ഇലത്താളം തട്ടുന്ന താളം
താളം തുടി താളം 
തുടികൊട്ടി പാടുന്ന ഗാനം
ആലിന്‍ കൊമ്പിലെ പെണ്‍കിളികള്‍
പാലമരത്തിലെ ഗന്ധര്‍വനെ
താരാട്ടാന്‍ പാടുന്ന ഗാനം

മധുപങ്ങള്‍ കൂട്ടുന്ന തേന്‍ കുടത്തില്‍
പ്ലാവില കുമ്പിളാല്‍ തേന്‍ നിറയ്ക്കാം
അരയന്നം വാഴുന്ന ചെറുകാട്ടിലെ
കൈതപ്പൂത്തണ്ടിന് കൂട്ടിരിയ്ക്കാം
മഴവില്ലിന്‍ നിറമുള്ള കൊടിമരച്ചോട്ടിലെ
കുടമാറ്റം കണ്ടിരിയ്ക്കാം (രാഗം)

പൂതപ്പാട്ടുയരുന്ന മൂവന്തിയില്‍
പാണന്‍റെ പാട്ടിലെ തേന്‍ നുകരാം
പടിപ്പുര കാക്കുന്ന ചെറുഭൂതത്തെ
ചേങ്ങില പാട്ടിനാല്‍ ഓമനിയ്ക്കാം
കുടമുല്ല വിരിയുന്ന കടവത്തെ തോണിയില്‍
കുടചൂടി പോയിരിയ്ക്കാം (രാഗം)

Wednesday 26 January 2011

8

ചെന്തെങ്ങിന്‍ കള്ളെടുക്ക് 
പൂവരശിന്‍ പൂവിറുക്ക്
ഇന്നല്ലേ കാട്ടിലെ മൈനക്ക് കല്യാണം
മാനത്ത്‌ പൂക്കുട ചാരത്ത് പൂപ്പട
ചെണ്ടുമല്ലിക പൂവിറുത്തു 
താലി തീര്‍ക്കു പൂത്തുമ്പീ
കാട്ടുതെങ്ങിലെ തേന്‍ കരിക്കിന്‍ 
തുള്ളികള്‍ താ പൂങ്കാറ്റേ

ഏഴുമുഴം കസവുകൊണ്ട് 
വേളിപ്പുടവ തീര്‍ക്കേണം 
മാരിവില്ലിന്‍ പീലി നീര്‍ത്തി 
വേളിപ്പന്തലൊരുക്കേണം (2)
മാനത്തമ്പിളി ചന്തിരന്റെ നാട്ടുമുല്ലപ്പൂവേണം (ചെന്തെങ്ങിന്‍)

വാടാമുല്ല മലര്‍ കൊരുത്ത് 
പൂമണിയറ കെട്ടേണം
വാഴക്കൊമ്പില്‍ ഇരുന്നു പാട് 
കാവടിക്കാക്ക പെണ്ണാളേ (2)
തായമ്പക തിമില കൊട്ടി മാരനേയും കൂട്ടേണം (ചെന്തെങ്ങിന്‍)

Saturday 22 January 2011

7

വെണ്മുകിലേ വെണ്മുകിലേ...
ചന്ദനക്കാട്ടിലെ ആമ്പല്‍ പൊയ്കയില്‍
നീരാടാന്‍ നീ കൂടെ പോരാമോ
തൂവാനത്തുമ്പിയെ കൂട്ടാമോ

ഹിമഗിരിശിഖരങ്ങളേ...
പൂനിലാച്ചോലകള്‍  മൂളുന്ന പാട്ടിന്‍റെ
പല്ലവി പാടാന്‍ നീ കൂടാമോ
ചെങ്കുയില്‍ ഹിന്ദോള രാഗത്തില്‍ പാടുമ്പോള്‍
ശ്രുതിതാഴ്ത്തി നീയും പാടാമോ (വെണ്മുകിലേ)

ആവണിപ്പൂ തുമ്പികളേ...
തൂമഞ്ഞിന്‍ തുമ്പമേല്‍ പാറിക്കളിക്കുവാന്‍
തൂവെണ്ണ കല്ലൊന്നെടുക്കാമോ
മൂവാണ്ടന്മാമരം പൂത്തുവിലസുമ്പോള്‍
പൂനുള്ളി തേന്‍കുടം തീര്‍ക്കാമോ (വെണ്മുകിലേ)

6

'കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി' എന്ന മനോഹരമായ ഗാനത്തിന്‍റെ പശ്ചാത്തലം മനസ്സില്‍ കണ്ട് കുറിച്ച വരികളാണിവ. ശ്രീ. കൈതപ്രത്തിന്‍റെ അതുല്യമായ വരികള്‍ക്ക് ശ്രീ ജോണ്‍സണ്‍ നല്‍കിയ ഈണത്തിനനുസൃതമായ് എഴുതിയത്. എന്‍റെ ഈ വരികള്‍ ഗുരു തുല്യനായ ശ്രീ. ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിക്കുന്നു. 

കണ്ണീര്‍ മുകുളത്തിനുഖം വീണുടഞ്ഞു 
പൂമ്പൊടി കാറ്റേറി പല നാളലഞ്ഞു
തോഴരും കൈവെടിഞ്ഞാരോരുമില്ലാത്ത
പൈക്കിടാവിന്‍ കണ്ണിലേറി മെല്ലെ
കണ്ണീര്‍ക്കയമായലിഞ്ഞു

ഒരു നോവുപാട്ടിന്‍റെയീണം
കാറ്റുമൊരുശോക കന്യയായ് മൂളി
ഓമല്‍ക്കിനാവിന്റെ പൂക്കള്‍
ആറ്റുവഞ്ചിപോല്‍ ഒന്നായുലഞ്ഞു
വെണ്‍പ്രാവുകള്‍ വിടയേകവേ
മൗനം പദമായുണര്‍ന്നു
കേഴും മുകില്‍ ഒരു ബാഷ്പമായ്
കന്നിന്‍ ഹൃദന്തം തുളുമ്പി
മെല്ലെ കണ്ണീര്‍ക്കയത്തില്‍ ലയിച്ചു (കണ്ണീര്‍)

കളിയോടം ഉലയുന്ന താളം
പയ്യിനിടനെഞ്ചില്‍ പാട്ടായ് തുടിച്ചു
അലരുകള്‍ പൂക്കുന്ന വനിയില്‍
മൂകലോലരായ് മാകന്ദപ്പൂക്കള്‍
ഇടനെഞ്ചിലേ യവനികയും
കഥയൊന്നുമറിയാതെ നീറി
കൂത്തമ്പല കളിത്തട്ടിലെ
ചിലമ്പുകള്‍ കളിമറന്നാടി
മെല്ലെ കണ്ണീര്‍ക്കയത്തില്‍ മറഞ്ഞു (കണ്ണീര്‍)

Monday 17 January 2011

5

ശംഖുപുഷ്പ  പൂവഴകുള്ള 
തമ്പുരാട്ടി പെണ്ണേ
പാദസര  കാലില്‍  നിന്നൊരു
മണികിലുക്കം  കേട്ടു
കുട്ടനാടന്‍ കായലോളങ്ങള്‍
പാടും പാട്ടിന്‍‍ ഈണം
കാതിലോല കുണുക്കുമിട്ടു
പടിയിറങ്ങേ  കേട്ടു

നാഗചെമ്പക ചോട്ടില്‍ നിന്ന് 
കണ്ടു നിന്നഭിരാമ്യം 
നിത്യകല്യാണി പുഷ്പം തന്നതോ 
നിന്‍റെ ചുണ്ടിനാരുണ്യം
കല്‍വിളക്കുകള്‍ ചിമ്മി നില്‍ക്കുമ്പോള്‍ 
നിന്‍ മിഴിയിന്‍ ബാണം 
മാറില്‍ ആയിരം വെണ്‍ശലഭമായ്  
പറന്നിറങ്ങി മന്ദം  (ശംഖുപുഷ്പ...)

കര്‍ണ്ണികാരങ്ങള്‍ പൂത്തുണരും പോല്‍
വര്‍ണ്ണശോഭ നിന്‍ കണ്ണില്‍  
താളിതേച്ച നിന്‍ കൂന്തലോളങ്ങള്‍
തിരയിളക്കിയെന്‍ കണ്ണില്‍
പൂനിലാവില്‍ രജനിഗന്ധി
ചിന്തും പോലതിസൗരഭം
മതി മറന്നെന്‍ മനം കവര്‍ന്നു
നിന്‍റെയംഗ ലാവണ്യം (ശംഖുപുഷ്പ...)

Saturday 15 January 2011

4

പനം തത്തേ എന്തിനീ വഴി പാറി
മനം നോവും കദന കഥയും പാടി
പ്രണയ ലതികകള്‍ നെയ്തോരാടയും ചുറ്റി
മിഴിയില്‍ നൊമ്പര ബാഷ്പരത്നവും ചൂടി

ഹൃദയം വിങ്ങുന്ന വേളയില്‍
ഇണയെ നയനങ്ങള്‍ തേടുന്നോ
നോവിനീണമീ രാത്രിയില്‍
ഉള്ളില്‍ ദീപമായ് ചേര്‍ത്തുവോ
പൂന്തെന്നലും നിന്‍ തേങ്ങലിന്‍ സ്വരം പുല്‍കിയോ 
(പനം തത്തേ...)

ഹൃദയ പ്രമദ വനത്തിലേ
പ്രണയ മുല്ല കൊഴിഞ്ഞുവോ
മനസ്സു മനസ്സിനെ തേടുമീ
രാത്രി ധാത്രിയും കേണുവോ
പൂനിലാവും നിന്‍ നോവിലിന്നലിഞ്ഞു പോയോ
(പനം തത്തേ...)

3

എന്‍റെ പ്രേമ പരാഗം നിനക്കായ്‌
മാനത്തെ വെള്ളിച്ചെപ്പില്‍ കാത്തു വെച്ചു
താലത്തില്‍ മല്ലിപ്പൂപോല്‍ കോര്‍ത്തു വെച്ചു

താരമ്പന്‍ തൊടുത്ത വെണ്‍മലര്‍ ബാണത്തില്‍
നിന്‍ മാറില്‍ അണിയാന്‍ താലി വെച്ചു
നെറുകില്‍ തൂവാന്‍ നുള്ള് ചുമപ്പു വെച്ചു
(എന്‍റെ പ്രേമ...)

വെണ്‍വിധു ചിന്നിയ അമൃതനിലാവില്‍
നിനക്കു കണിയായ് കൊന്ന വെച്ചു
നിനക്കു മീട്ടാന്‍ പ്രഭാ തന്തി വെച്ചു
(എന്‍റെ പ്രേമ...)

സിന്ദൂരം ചാര്‍ത്തിയ സന്ധ്യയ്ക്ക് മാനത്ത്
ഇന്ദീവരം നിനക്കിറുത്തു വെച്ചു
നിനക്കുറങ്ങാന്‍ നിലാ ശയ്യ വെച്ചു
(എന്‍റെ പ്രേമ...)

2

നിന്നെയോര്‍ത്താല്‍ എന്‍റെയുള്ളില്‍ അലയാട്ടം, ചാരെ
നീയണഞ്ഞാല്‍ എന്‍റെയുള്ളില്‍ മയിലാട്ടം
നീ ചിരിച്ചാല്‍ ദൃശ്യമല്ലോ മധുവസന്തം
നീ മൊഴിഞ്ഞാല്‍ ശ്രവ്യമല്ലോ രാഗമേളം

സ്നേഹമല്ലോ ഇത് പ്രേമമല്ലോ
നിന്‍റെയുള്ളിലെന്നും ഞാന്‍ തപസിരിയ്ക്കും
ഗന്ധര്‍വന്മാരും ദേവസുന്ദരന്മാരും, കാണാ-
മായയില്‍ നാമൊന്നായലിഞ്ഞു ചേരും
(നിന്നെയോര്‍ത്താല്‍...)

മാനിനി നീ കാവ്യകല്പനയോ, സ്നേഹം
ഏതോ ജന്മസുകൃതത്തിന്‍ മധുരമല്ലോ
സങ്കല്‍പ്പങ്ങളും സ്വപ്നമോഹിതങ്ങളും
നിന്നോടൊപ്പമെന്‍ മിഴിച്ചെപ്പില്‍ അടച്ചു വയ്ക്കും
(നിന്നെയോര്‍ത്താല്‍...)