50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Saturday 28 May 2011

52

പൊന്‍ കസവുകള്‍ ഞൊറിഞ്ഞുടുത്തുണരൂ നീ
ചെങ്കതിര്‍ അണിയൂ പൊന്മലര്‍ ചൊരിയൂ
കിളിമകള്‍ കൊഞ്ചും കവിത കേട്ടാടൂ
പുതു പുലരിതന്‍ അഴകായ് നിറയൂ

തേക്കുപാട്ടൊഴുകും രാഗസാനുകളില്‍
ജീവതാളമായ് ഉദിച്ചുണരൂ
പൂക്കളായ് വിരിഞ്ഞ വാക്കുകള്‍ പ്രണയ
ശകലമായ് മലര്‍ വനികളായ് ( പൊന്‍ )

പുള്ളോര്‍ പാട്ടിടറും നോവിന്‍ കാവുകളില്‍
ദീപമാലയായ് തെളിഞ്ഞുണരൂ
നാളമായ് ജ്വലിച്ച നോവുകള്‍ പ്രണയ
കനികളായ് തുടര്‍ കഥകളായ് ( പൊന്‍ )

51

****************************************************************************************************************  ടെക്നോപ്പാര്‍ക്കിലെ കമ്പനികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ 'നടന'യുടെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട യുഗ്മ ഗാനം.
****************************************************************************************************************

ഒഴുകു നീ പ്രണയ തീര്‍ത്ഥമായെന്നില്‍
തഴകു നീ സുകൃതവീചിയായ്
നിന്‍ സ്നേഹസംഗീത ഗംഗാതീര്‍ത്ഥം ഞാന്‍
എന്‍  സ്നേഹസംഗീത ഗംഗാപുളിനം നീ

മധുരമീസ്നേഹമനുപമം
പ്രേമമധുകണം തൂകി നീയെന്നില്‍
അരിയെതന്നലായ് തഴകു നീ
എന്നും പ്രണയേമഘമായൊഴുകാം ഞാന്‍  (2)

ഒരു രാജഹംസമായ് നീ മുന്നില്‍
മദമൂറും പൊയ്ക ഞാനായി
വെണ്‍പ്രാവുപോലെന്നും നീയെന്നില്‍
നറുപ്രേമഹര്‍ഷമായ് മാറി
നിന്‍ സ്നേഹസംഗീത ഗംഗാതീര്‍ത്ഥം ഞാന്‍
എന്‍  സ്നേഹസംഗീത ഗംഗാപുളിനം നീ

സുരഭിലം സ്നേഹമനശ്വരം
പ്രേമമധുവനം തീര്‍ത്തു നീയെന്നില്‍
പ്രണയദീപമായ്  ഉതിരു നീ
എന്നും ഹൃദയനാളമായ് ഉണരാം ഞാന്‍  (2) (ഒഴകു നീ)

നീ തരുമീ ശുഭ സുന്ദര നിമിഷം
ശ്വാസമായ് എന്നുമെന്‍  ജീവനിലലിയും
ആര്‍ദ്രമാം അനുരാഗക്കതിരല്ലേ നീ
പ്രാണനായ് അകതാരില്‍ പൂക്കില്ലേ

സുരസുമമാകാം മൃദുദലമാകാം
ഒരു മലര്‍വനി നിന്നില്‍ തീര്‍ക്കാം ഞാന്‍
ഋതുപതിയായ് ഞാന്‍ മധുകരമായ് ഞാന്‍
ഒരു മധുവസന്തം നിന്നില്‍ തീര്‍ക്കാം

Saturday 21 May 2011

50

ഒരു രാഗം നിനക്കായി പാടാന്‍ മറന്നു ഞാന്‍
ഒരു വീണാതന്ത്രിയായി നീറി നിനക്കായ് ഞാന്‍
വിരഹത്തിന്‍ മൊട്ടുകള്‍ വിടര്‍ന്നു തുളുമ്പിയെന്‍
കണ്ണിലെ മാരിവില്ല് വീണുടഞ്ഞുപോയ്

മൗനരാഗങ്ങളാല്‍ നാം പാടിയെത്ര ഗാനം
പ്രേമത്തിന്‍ സാനുവില്‍ പാകി നാമെത്ര സൂനം
ചിരിച്ചും കരഞ്ഞും പങ്കിട്ട സ്വപ്നങ്ങള്‍
ഒരു മുറിപ്പാടുപോല്‍ എന്‍റെയോര്‍മ്മയില്‍
മറക്കുമോ നീയതെല്ലാം നീണ്ട യാത്രയില്‍ (ഒരു രാഗം)

മിഴിയിലെ വര്‍ണ്ണം ചോരുമീ ശോക രാവില്‍
ഭീതസ്വപ്നങ്ങളില്‍ കൂട്ടുനിന്‍ നിഴല്‍ മാത്രം
പതിയെ മനസ്സില്‍ ഒഴുകി വന്നെത്തും
ഒരു മയില്‍പ്പീലിപോല്‍ നിന്‍റെയോര്‍മ്മകള്‍
സുഖമൂറും നിമിഷങ്ങള്‍ വീണ്ടുമേകുവാന്‍ (ഒരു രാഗം)

Monday 16 May 2011

49

മഞ്ചുമനോഹര തീരം തേടി
പോവുകയാണെന്‍ പ്രാണന്‍ ദൂരെ
കരകാണാതെ കായലിനോളം
നീന്തിടും പോലെന്‍ മൌനം കൂടെ

കേള്‍ക്കുന്നുവോ നിങ്ങള്‍ ജീവന്‍റെ നീള്‍വിളി
തേങ്ങലില്‍ പോലും ആശതന്‍ മധുമൊഴി
കേള്‍ക്കാന്‍ അരുതാതെ കേട്ടാല്‍ അറിയാതെ
ഒഴുകുന്നുവെന്നും കാലത്തിന്‍ അലകള്‍
മറക്കുന്നു നമ്മള്‍ പൊയ്പ്പോയ കഥകള്‍

കാണുന്നുവോ നിങ്ങള്‍ ജീവന്‍റെ തീമിഴി
മങ്ങുന്നുവെങ്ങും മോഹത്തിന്‍ തിരിമിഴി
കാണാന്‍ അരുതാതെ കണ്ടാല്‍ അറിയാതെ
തുടരുന്നുവെന്നും കാലത്തിന്‍ ഗമനം
മറക്കുന്നു നമ്മള്‍ പിന്നിട്ട വഴികള്‍