50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Monday 28 February 2011

27

കസ്തൂരി സുഗന്ധമൂറും കാറ്റേയൊന്നു വീശുകില്ലേ
എന്റെ മനക്കണ്ണിലൂറും കണ്ണീരൊന്നൊപ്പുകില്ലേ
ഉണ്ണിതന്നുള്ളില്‍ നീറും അംഗാരക നാളം മെല്ലെ
തഴുകിടൂ നീ ഉയിര്‍ത്തിടൂ നീ ഉണര്‍ത്തിടൂ നീ

ഉണ്ണീ നിന്‍ കണ്ണില്‍ വീണ്ടും ജീവകാന്തി ശോഭിക്കാന്‍
നിന്‍റെയിഷ്ട ദേവകള്‍ക്കു മുന്നില്‍ ഞാനെരിഞ്ഞീടാം
പൊന്നിളം കണ്‍തുറന്നെന്നെയൊന്നു നോക്കീടാന്‍
ഏതു സ്വര്‍ഗ്ഗവാതിലും തുറന്നു ഞാന്‍ തപിച്ചീടാം
ഏഴു ജന്മവും നോമ്പ് നോറ്റിടാം (കസ്തൂരി)

ഉണ്ണിക്കൈക്കുമ്പിളില്‍ തേന്‍മാവിന്‍ പൂക്കള്‍ വാരീടാന്‍
ഒരായിരം മാവിന്‍ തൈകള്‍ നട്ടു ഞാന്‍ കളിത്തോഴാ
നിന്‍ ചിരിതന്‍ തൂവലൊന്നു കാറ്റില്‍ വീണ്ടും പാറീടാന്‍
നീ വളര്‍ത്തും നീലപ്പീലി കണ്ണ് കൊണ്ട്‌ വന്നു ഞാന്‍
വീണ്ടുമൊന്നു നിന്‍ കണ്‍തുറക്ക നീ (കസ്തൂരി)

നിന്നിളം കൈകള്‍ നീട്ടി എന്നെയൊന്നു തൊട്ടീടാന്‍
എന്‍റെ ജീവകാന്തി മൊത്തമായി ഞാന്‍ പകര്‍ന്നീടാം
നിന്‍റെ മാറിടത്തിലെ വിമൂകഭാവം മാറ്റീടാന്‍
എന്‍റെ നെഞ്ചിന്‍ താളമാകെ നിന്‍റെ മാറില്‍ ചാലിക്കാം
നിന്‍റെ കൊഞ്ചലിന്‍ തേനുതിര്‍ക്ക നീ (കസ്തൂരി)

Friday 25 February 2011

26

മനസൊരു സാഗരം പോല്‍
നിനവുകള്‍ നീലഭം പോല്‍
പുറം അതി ശാന്തമെങ്കിലും
അകം ഏകാന്തമാണെന്നും

പ്രണയിനി സാഗരം ചന്ദ്രനെ പുല്‍കാന്‍
രാവില്‍ ഉണര്‍ന്നിട്ടെന്നും
ബാഹങ്ങള്‍ ഉയര്‍ത്തുന്നുപോല്‍
നിരാശതന്‍ തീരേ തലതല്ലി പിന്നെ
മിഴിനീര്‍ പൊഴിക്കുമെന്നും
അവ പാല്‍നിലാവുകുന്നുപോല്‍ (മനസൊരു)

വെണ്മുകില്‍ താളുകള്‍ ആത്മാക്കള്‍ മാനത്ത്‌
ത്രിഭുവനം ചുറ്റിയെന്നും
പ്രിയരെ തേടുന്നുപോല്‍
നിരാശതന്‍ മേഘപ്പെരുന്തുള്ളി പിന്നെ
വര്‍ഷമായ്‌ പൊഴിയുന്നെന്നും
അത് പാലാഴിയാകുന്നുപോല്‍ (മനസൊരു)

Tuesday 22 February 2011

25

പേടമാന്‍  കുറുമ്പീ 
കണ്ണില്‍ ആദര്‍ശമോ 
പുഴയിറമ്പില്‍ തുള്ളി മാഞ്ഞു പോയതെന്തേ
നിന്റെ കണ്ണില്‍ എന്‍റെ ഛായ കണ്ടു നാണിച്ചോ

ലാസ്യ ഭാവം ആര്‍ക്കു കാണാന്‍
നേരമിത്ര കാത്തു നീ
ഗൗര കാന്തി മേനിയാകെ
തന്നതേതു ഭാസന്തി
അലസയായ്‌ പതുങ്ങി നീ
മൂടുപടം മാറ്റവേ
മതികലയും അലിഞ്ഞുപോയി
നിന്‍റെ വക്ത്ര ശോഭയില്‍ (പേടമാന്‍)

രക്തകളഭം തേച്ചു നീ
ആറ്റില്‍ മെല്ലെ നീന്തവേ
ആറ്റിലഞ്ഞി പൂക്കളായി
നിന്‍റെ മേനി താങ്ങി ഞാന്‍
സിക്തതാളിയായി നിന്‍റെ
വേണിനാരില്‍ നീന്തവേ
മതിമറന്ന് അലിഞ്ഞു ചേര്‍ന്നു
കൂന്തലിന്‍ കരിമയില്‍ (പേടമാന്‍)


24

മേട പൗര്‍ണ്ണമി രാവില്‍ മാനത്ത്‌
തൂവല്‍ പക്ഷിയിതേതോ
കറുത്ത മാനത്തെ വെളുത്ത തോണി
തുഴയുവതിവള്‍ ആരോ

കറുത്ത കണ്മണിയാലെ കടലില്‍
വാര്‍മുകുരം നോക്കിയവള്‍
സ്വര്‍ണ തളകള്‍ ഇളക്കി നിലാ
പോളകള്‍ ചാഞ്ചാടി മെല്ലെ
കടലില്‍ മുക്കുവ തോണി പോലെ
താരവഞ്ചികള്‍ കൂടെമിന്നി
സ്വര്‍ണ കുഞ്ചലം പോലെ രോഹിണി
താരകങ്ങള്‍ കൂടി ചാരെ (മേട)

അഞ്ജനക്കണ്ണെഴുതി പതിയെ
പൂനിലാവില്‍ മുങ്ങിയവള്‍
അഷ്ടഗന്ധങ്ങള്‍ പുകച്ചു നല്ല
വെറ്റയും മുറുക്കി തുപ്പി
കോടമഞ്ഞിലെ കുളിര് കോരി
താര ഹാരം കോര്‍ത്താലോലം
കൗസ്തുഭ മണി മാലയിട്ടപോല്‍
വിളങ്ങി മണികാനനം (മേട)


Monday 21 February 2011

23

നറു തുളസി കതിരണിഞ്ഞ നിന്‍റെ
അളകത്തില്‍ അല ഇളകുന്ന നേരം
കോടമഞ്ഞിന്‍ കണം പോല്‍ തിളക്കവുമായ്
നിന്‍റെ അരികത്ത് തിരയിളക്കും ഞാന്‍
നിന്‍റെ ചുവടുകള്‍ നര്‍ത്തനമാക്കും

താമരയിതളോ കടമിഴിക്കണ്ണില്‍
ഹിമകണമാണോ നിന്മിഴിക്കടവില്‍
പത്തര മാറ്റുള്ള പൂമുല്ല ചിരിയും
ഓമനക്കുഴിയും എനിക്കു തരാമോ (നറു)

കതിര്‍മണ്ഡപത്തില്‍ തിരിയാളും നേരം
കല്‍ഹാര മാലയും അണിഞ്ഞു വരുമോ
കാത്തിരിക്കുന്നു ഞാന്‍ തൂമതന്‍ രൂപമേ
ആനന്ദപടം നിനക്കേകുവാന്‍ ദേവീ (നറു)

22


മതി കവരും മോഹന രൂപം
ജതി വിളയും മുരളീ ഗാനം
വനമാലീ  നിന്നെ തൊഴുന്നേ ഞാന്‍
അകതാരില്‍ നിന്നെ കുമ്പിടുന്നേന്‍

നിന്‍ ചൊടി തഴുകും മുരളികയാവാന്‍
നിന്‍ തിരു നാമം എന്നും പാടാം
നിന്‍ ചുരുള്‍ മുടിയിലെ പിഞ്ഛികയാവാന്‍
നിന്‍ വര ദാനം എന്നും തേടാം
കണ്ണാ കണ്ണാ മുകിലൊളി വര്‍ണ്ണാ
അടിയനു നീയേ തുണയുള്ളൂ (മതി)

നിന്‍ മണി മാറിലെ വനമലരാകാന്‍
തൃപ്പാദമെന്നും തൊഴുതീടാം
നിന്‍ മൃദുലകത്തില്‍ തൊടുകുറിയാവാന്‍
പഞ്ചാക്ഷരിയാല്‍ സ്തുതിച്ചീടാം
കണ്ണാ കണ്ണാ മധുപതി കണ്ണാ
അടിയനു നീയേ അവലംബം (മതി)

Saturday 19 February 2011

21


കരളില്‍ കുറുകുന്ന മാടപ്രാവേ വാ
ചേലുള്ള ചിറകിലെ തൂയല്‍ ഒന്നിനി താ
അമ്പല പ്രാവുകള്‍ നടയില്‍ ന്യേദിച്ച
താമര പൂവിതള്‍ താ

ഞാവല്‍ക്കിളികള്‍ പാടുന്ന തെയ്യന്നം കേട്ട്
പുഞ്ച വരമ്പത്ത് മൈന കൂടെ ഈണത്തില്‍ മൂളി
ഓലേഞ്ഞാലികള്‍ പാടുന്ന ശൃംഗാരം കേട്ട്
മിന്നാ മിനുങ്ങുകള്‍ വന്നു കാവല്‍ മിന്നാരമായ്
ഓല പ്രാവുകള്‍ നിങ്ങള്‍ പാടുന്ന ഈണം
താരാട്ടാണോ തന്നാരമാണോ
(കരളില്‍ )

നീലക്കുറിഞ്ഞി തേടുന്ന ആഷാഢം വന്ന്
നീല നിരാലംബം നീളെ മേഘ കൂടാരം കെട്ടി
കാന്തവല്ലരി വനിയില്‍ തെയ്യാട്ടം കണ്ട്
ശാന്ത സരോവരം ആകെ തെന്നല്‍ വീചികളാക്കി
ചോള പ്രാവുകള്‍ നിങ്ങള്‍ പാടുന്ന ഗാനം
സോപനമോ സ്വാപഗാനമോ
(കരളില്‍ )

Thursday 17 February 2011

20


ശ്യാമാംബര വനികയില്‍
രാത്രിപുഷ്പ ദളവുമായ്
പടവിറങ്ങി കുളിരുമായ് 
വരിക നീയെന്‍ ചന്ദ്രികേ
ശിശിര രാവില്‍ അമൃതുമായ്
വരിക നീയെന്‍ പൂര്‍ണ്ണിമേ

മലയസാനു മുടികള്‍ മൂടും
നീഹാരമാല ചൂടി വാ 
പ്രണയഭാനു കതിര് ചൂടും
നഭസിറങ്ങി പാറി വാ
ഹൃദയ കാവ്യം രചിച്ച താളില്‍
ലിപിക നീയെന്‍ ഓമലേ (ശ്യാമാംബര)

വരണമാല്യം ധരണി ചൂടും
ധനു നിലാവില്‍ ആടി വാ
മധുരശ്യാമ രജനി മൂളും
ചപല രാഗം പാടി വാ
അരിയ ഭാവം തുളുമ്പി എന്നില്‍
അരികിലായ് നീ പൂക്കവേ (ശ്യാമാംബര)

Monday 14 February 2011

19

രാവിലെ സൂര്യന്‍ രാവില്‍ വെണ്‍ തിങ്കള്‍
പാരിനെപ്പോഴും കാവലായ്
കാറ്റില്‍ വന്നെത്തി കാതില്‍ മന്ത്രിക്കും
കാമുകന്‍ മൂളും പാട്ടുമായ്

വാടാ മലരുകളില്‍ ഊറും സുഗന്ധവുമായ്
കാണാ പടവുകളില്‍ വീഴും കുളിരഴകായ്
പറയൂ എന്നരികില്‍ പോരാമോ പൂത്തുമ്പീ (രാവിലെ)

മേലെ വനികകളില്‍ പൂക്കും പനിമതിയായ്
മാറില്‍ വനമലരായ് ഉതിരും പ്രണയവുമായ്‌
പറയൂ എന്നരികില്‍ പോരാമോ പൂമ്പാറ്റേ (രാവിലെ)

Thursday 10 February 2011

18

മുറ്റത്തെ തേന്മാവിന്‍ ചോട്ടിലായ് ഞാനിന്ന്
കളിമണ്ണിന്‍ കൊട്ടാരം കെട്ടി
അയലത്തെ തുമ്പയ്ക്ക് ആടി കളിയ്ക്കാന്‍
തേന്മാവില്‍ പൂഞ്ചേല് കെട്ടി

നയനങ്ങള്‍ മാനത്ത് നട്ടു ഞാന്‍ എന്‍റെ
മനതാരയലത്തേക്കിട്ടു
സായാഹ്ന സന്ധ്യയ്ക്ക്‌ ദീപം കൊളുത്തുവാന്‍
അവള്‍ വന്ന് അത് ചൂടി നിന്നു
തുളസിത്തറ വലം വെച്ചു (മുറ്റത്തെ)

ഉഷസ്സന്ധ്യ പൂത്തപ്പോള്‍ മാനം നിറയെ
ചിറകുള്ള സ്വപ്നങ്ങള്‍ കണ്ടു
കൈക്കുമ്പിള്‍ കൊണ്ടുള്ള തങ്ക തളികയില്‍
അവള്‍ കാണാന്‍ ഞാനവ കാത്തു
അത് കണ്ടവള്‍ കണ്ണടച്ചു (മുറ്റത്തെ)

Wednesday 9 February 2011

17

സ്വപ്ന സല്ലാപമേ നിത്യ കടാക്ഷമേ
മഞ്ജു മനോഹരം തവ സ്മേരം
അഞ്ജന മിഴിയിലെ ഓളങ്ങള്‍ തീര്‍ക്കും
പഞ്ച ഭൂതങ്ങളാല്‍ തവ ഹാരം

കവന മഞ്ജരി ആലവട്ടം വീശും
നിത്യ ലാവണ്യമേ നീയുണരൂ
ഓരിലത്താമര നാഗപടം കൊഞ്ചും
ഓമനക്കുഴിയോതും നിന്‍കാതില്‍ (സ്വപ്ന)

മഞ്ജുകേശി പോല്‍ മുരളിക ഊതാം
സ്വര്‍ഗ കല്ലോലിനീ നീയൊഴുകൂ
കാളിന്ദി തീരത്തെ നാഗഫണം നുള്ളും
ഓമനപ്പീലിക്കൈയാല്‍ താലോലം (സ്വപ്ന)

Monday 7 February 2011

16

മോഹങ്ങളേ പൂമര ചോട്ടില്‍
വാടും കുസുമങ്ങള്‍ നിങ്ങള്‍
ശോകാര്‍ദ്രമാം മാനസ വാടീല്‍
തുള്ളും കോമരങ്ങള്‍ നിങ്ങള്‍

താളം മറന്നു ഗാനം എന്നും
പാടും അമസഗായകന്‍ ഞാന്‍
മേഘം മറഞ്ഞ നാകം എന്നും
തേടും അഭഗഗന്ധര്‍വന്‍ ഞാന്‍ (മോഹ)

രാവില്‍ തുളുമ്പും കണ്ണില്‍ എന്നോ
സ്വയം വിരിഞ്ഞ താമര ഞാന്‍
താനേ വിരിയും പൂവിന്‍ ഗന്ധം
തേടും ഏകാകി ശലഭമീ ഞാന്‍ (മോഹ)

നീറും നിലാവില്‍ എന്നും പൂക്കും
വിണ്ണിന്‍ അമരതാരകം ഞാന്‍
മൗനം തുളുമ്പും രാവില്‍ തീരം
മുത്തി അകലും സാഗരം ഞാന്‍ (മോഹ)

Saturday 5 February 2011

15

ആധാരം മെല്ലെ മറന്നുവോ മാനുഷന്‍
ആകാശം തൊടുന്നയീ ശുഭ വേളയില്‍
ബന്ധങ്ങള്‍തന്‍ വില കായിതമോ
വികാരങ്ങള്‍ മധുരത ത്യജിച്ചുവോ

ദൂരത്തു ദൂരത്ത് മിഴികള്‍ നട്ടവന്‍
ആഴിയില്‍ പരതുന്നു സുഭഗമേതോ
ബന്ധങ്ങളവനിന്ന് അരക്ഷണങ്ങള്‍
നിയതിനിയമമവന്‍ മറന്നതോ (ആധാരം)

അരികിലെ സ്വര്‍ഗത്തിന്‍ മധുരിമയും
മറന്നവനു സ്വപ്നങ്ങള്‍ ഭാരമല്ലോ
ആശനിരാശകളില്‍ സ്വയം മറന്ന്
അവതാരങ്ങള്‍ അവനെ കൈവെടിഞ്ഞോ (ആധാരം)

Thursday 3 February 2011

14

മിഴികള്‍ ഉറങ്ങിയ നേരത്തു നെഞ്ചില്‍
നിഴലു മുരളികയൂതുന്ന രാവം
അലസമലകള്‍ അകലുന്ന തീരം
പ്രണയമങ്കിതം ഒഴുകുന്നാലോലം

ശാരികേ ജീവനില്‍ നിന്‍വിരള്‍ തൊട്ടു നീ
ഉണര്‍ത്തി മനസില്‍ മധുരവികാരം
എത്രയോ രാഗങ്ങള്‍ ചേര്‍ത്തു ഞാന്‍ പാടിയ
വസന്തഗീതത്തില്‍ പുതിയൊരു താളം (മിഴികള്‍)

ദേവികേ പൂമിഴി തൂവലും നീര്‍ത്തി നീ
വിടര്‍ത്തി പുതിയ പ്രതീക്ഷതന്‍ ചാലം
എത്രയോ ജന്മമായ് ഞാന്‍ തൊഴും കാവിലെ
എണ്ണക്കല്‍ വിളക്കില്‍ പുതിയൊരു നാളം (മിഴികള്‍)

13

നിലാവിന്‍റെ നീല വെളിച്ചത്തില്‍ ഏതോ
പിലാവിന്‍റെ ചോട്ടില്‍ കുരുക്കുത്തി മുല്ല
കിനാവിന്‍റെ ശീല കുട ചൂടി നീയും
പതുക്കെ പതുക്കെ പറിക്കുന്നു മുല്ല

കവാടങ്ങളില്ലാത്ത കൊട്ടാരം കെട്ടാം
ചുവര്‍ച്ചിത്രമുള്ള മതില്‍ക്കെട്ട് കെട്ടാന്‍
തേന്മാവിന്‍ പൂക്കളാല്‍ അകത്തളം പാകാം
തൂവാനം പെയ്യുമ്പോള്‍ മധുവനം പൂക്കാന്‍ (നിലാവിന്‍റെ)

ഏഴാം കടലിന്‍റെ അക്കരെ ചെന്നിടാം
ഏഴിലം പാലയില്‍ ഊഞ്ഞാല് തൂക്കുവാന്‍
കണ്ണെത്താ ദൂരത്തെ കുന്നോടിക്കയറാം
അന്തിക്ക് മാനത്തെ റാന്തല് മൂടുവാന്‍ (നിലാവിന്‍റെ)

12

ഏതോ തീരം തേടി ഏഴു ജന്മങ്ങളും നീന്തി
നിന്നരികില്‍ വന്നണഞ്ഞു മന്മനത്താരുമായി
കണ്ണു കൊണ്ട് നീ ചൊല്ലി കണ്ണിമയാല്‍ ഞാന്‍ മൂളി
ചുണ്ടില്‍ താനേ ഒഴുകിയെത്തി തൂമന്ദഹാസങ്ങള്‍

എന്‍റെ രുദ്ര വീണകള്‍ പ്രിയ രാഗമൊന്നു മീട്ടവേ
കന്മദ കതിര്‍ മാല നിന്‍റെ ഈറന്‍ മുടി തലോടി
കണ്ണിമയാല്‍ നീ ചിന്നും ചുംബനത്താരാശുഗം
ആയിരമായിരം ജലതരംഗമായ് എന്‍റെ ഗാനത്തില്‍ (ഏതോ)

നിന്‍റെയാര്‍ദ്ര ലോചനം നീല പീലി നീര്‍ത്തി ആടവേ
എന്‍റെ കണ്ണും കരളുമിന്നു കുളിരണിഞ്ഞു നിന്നു
പൂവഴകായ് നീ നില്‍ക്കും നേരമങ്ങ് മാനത്ത്
ആയിരമായിരം ഇന്ദ്രധനുസുകള്‍ പുഞ്ചിരി തൂകി (ഏതോ)