50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Thursday, 31 March 2011

47


ഒന്നും പറയാതെ പോയതെന്തേ
വിട ചൊല്ലാതെ നീ പോയതെന്തേ
പ്രേമത്തിന്‍ മഴത്തുള്ളി വീഴ്ത്തി നീ വേഗം
കാറ്റിലലിഞ്ഞെങ്ങോ മറഞ്ഞതെന്തേ

ജീവനില്‍ നീ തെളിച്ച ദീപങ്ങള്‍
ഇന്നെന്‍ നിശ്വാസത്തില്‍ കരിതിരിയായ്‌
കണ്ണുകള്‍ നൊമ്പരം മറക്കുവാനായി
ആ തിരികളെ കുതിര്‍ക്കുന്നു
ആ കരിതിരി കെടുത്തുന്നു (ഒന്നും)

പ്രാണനില്‍ നീ ചൊരിഞ്ഞ പുഷ്പങ്ങള്‍
മനം നോവും കാറ്റില്‍ കരിയുകയായ്‌
നിന്മുഖം ഓര്‍മ്മയില്‍ മായാതിരിക്കുവാന്‍
ആ മുകുളങ്ങള്‍ തളിര്‍ക്കുന്നു
എന്‍ നയനങ്ങള്‍ നനയ്ക്കുന്നു (ഒന്നും)

Tuesday, 22 March 2011

46

പൊന്നും പൂവും പുന്നാരത്തിന്‍ മുത്തും നല്‍കാം ഞാന്‍
നീയുണ്ടെങ്കില്‍ പൊന്നും പൂവും മുത്തും വേണ്ടല്ലോ
പെണ്ണേ നിന്നെ കണ്ടിട്ടെന്‍റെ മിഴിയാടുന്നെ
നിന്നെ കണ്ടിട്ടെന്നും നെഞ്ചം കളിയാടുന്നെ

കാട്ടില്‍ കുറുകുന്ന കുട്ടത്തിപ്രാവേ
കാലില്‍ മറുകുള്ള ചോലച്ചെങ്ങാലീ
നീയൊന്നു വിളിച്ചാല്‍ കൂടെ പോരും പൂവമ്പന്‍
കരിനീലക്കണ്ണെഴുതി പൊട്ടും തൊട്ടാല്‍
ശിരസ്സില്‍ ഞാന്‍ കുങ്കുമത്തിന്‍ ചന്തം ചാര്‍ത്താം

മേട്ടില്‍ കറങ്ങുന്ന വമ്പുള്ള ചെക്കാ
കണ്ണില്‍ കുറുമ്പുള്ള കൈതവശാലി
നീയൊന്നു വിളിച്ചാല്‍ കൂടെ പോരും ഞാനെന്നും
മംഗല്യസൂത്രമെന്നുമെന്‍ മാറില്‍ ചൂടാന്‍
ചെറുകാശി താലി തന്നാല്‍ ജന്മം ധന്യം

Monday, 21 March 2011

45

പുലര്‍കാല ചിന്ദൂര ഭാസമേ
പൊന്‍ചക്രവാളത്തിന്‍ നാളമേ
ഉഷസ്സെന്നുമുഴിഞ്ഞൂതി ഓമനിക്കും
പനിനീര്‍ കതിരല്ലോ നീ

എന്നുമീ ഭൂമിയേ വാരിപ്പുണരും നീ
ഈ വിശ്വം ശോഭയാല്‍ പൂരിതമായ്‌
ചേണാര്‍ന്ന നിങ്കതിര്‍ മാല കൊരുക്കുവാന്‍
ആഷാഢമേഘങ്ങളില്ലേ (പുലര്‍കാല)

നീതരും ജ്വാലകള്‍ ആളിപ്പടര്‍ന്നിതാ
ഈ വിശ്വം ബോധത്തിന്‍ പൂര്‍ണ്ണകുംഭം
നീവഴി കാട്ടിയീ ഭൂവില്‍ നടന്നെത്ര
ആതുംഗദര്‍ശനരത്നം (പുലര്‍കാല)

Saturday, 19 March 2011

44

വര്‍ഷകാലമേഘകുംഭം ഒഴിഞ്ഞു
ശൈത്യമഞ്ഞിന്‍ കണിക വീണലിഞ്ഞു
മധുമാസതെന്നലേറ്റ് നവജീവനാമ്പുണര്‍ന്നു
ഹൃദയരേഖകളൊന്നായ് വിരിയുന്നു

അങ്ങകലേ പൂങ്കിനാവിന്‍ നടതുറന്നു
ഇങ്ങിവിടെ നവമിഥുന തേരുണര്‍ന്നു
ഇന്നിവിടെ പൊന്നുഷസ്സിന്‍ കതിരുതിര്‍ന്നു
ദേവലോകം പൊലുമഞ്ചും സ്വര്‍ഗ്ഗമുണര്‍ന്നു

മംഗളം നേരും ലോകരിന്നീ
നന്മകള്‍ പെയ്യും പുലരികളില്‍
ഭാവുകം ചോരും നേര്‍ത്ത മാല്യം
പോലെ സ്നേഹത്തിന്‍ പുതുമുകുളം
ഉണരും പൊന്നുഷസ്സില്‍ സ്നേഹമഞ്ചം
തുടിക്കും ജീവിതത്തിന്‍ ഹൃദയസ്പന്ദം (വര്‍ഷ)

പാലമൃതും പഴവുമായി കഥതുടങ്ങും
ജീവിതവും കടമകളും തേരിറങ്ങും
അന്നവിടെ വയമ്പുകളില്‍ തേനൊഴുക്കൂ
ഭാവുകങ്ങള്‍ നേരുവാനായ് സ്വര്‍ഗ്ഗമുണരും

മംഗളം നേരും ലോകരിന്നീ
നന്മകള്‍ പെയ്യും പുലരികളില്‍
ഭാവുകം ചോരും നേര്‍ത്ത മാല്യം
പോലെ സ്നേഹത്തിന്‍ പുതുമുകുളം
ഉണരും പൊന്നുഷസ്സില്‍ സ്നേഹമഞ്ചം
തുടിക്കും ജീവിതത്തിന്‍ ഹൃദയസ്പന്ദം (വര്‍ഷ)


Friday, 18 March 2011

43

സ്വപ്നങ്ങള്‍ നീര്‍ക്കുമിള പോലുടഞ്ഞു
ജീവിതപോതം ആടിയുലഞ്ഞു
കരകാണാതെ ഓളങ്ങള്‍ അകന്നു
ആഴിയിലിന്നു ഞാന്‍ ഏകനായി

ഏകനായി കരയുന്ന കാറ്റും
മൂകമായി തഴുകുന്നിലകളെ
മൂടിവെച്ച വേദനകള്‍
തുടിപ്പൂ ദലമര്‍മ്മരങ്ങളില്‍
തപ്തമീ നിശ്വാസങ്ങള്‍
പ്രാണന്‍ ഉതിര്‍ക്കും നിശ്വാസങ്ങള്‍ (സ്വപ്നങ്ങള്‍ )

ആര്‍ദ്രമായ തിരമാലകളെ
ഓമനിച്ചു കരയുന്നകരയില്‍
ഓടിയെത്തും നൊവുകളാല്‍
തുളുമ്പിടുന്നു ഓര്‍മ്മകളും
ഓര്‍മ്മകള്‍ ആശ്വാസങ്ങള്‍
പ്രാണന്‍ കൊതിക്കും ആശ്വാസങ്ങള്‍ (സ്വപ്നങ്ങള്‍ )

Thursday, 17 March 2011

42

മേലേ മാനത്തന്തിയാവുമ്പോള്‍
സൂര്യനെയുന്തി മാറ്റണം
രാവില്‍ മാനം ചൂടുമിന്ദുപൂവിന്‍
തുഞ്ചം മിനുക്കി വെയ്ക്കണം
മോഹം എങ്ങും നന്മകൊണ്ട് കീഴടക്കാന്‍
മാറ്റും ഞങ്ങളിന്നലത്തെ ശരികളിന്ന്

മാനം മുട്ടെ പൊങ്ങുമിന്നു ഞങ്ങളെല്ലാം
കാതം എത്ര താണ്ടണം
രാവില്‍ മന്ത്ര മോതിരമണിഞ്ഞു പിന്നെ
ചുറ്റും സൗരയൂഥവും
ലോകം ഇന്നു ഞങ്ങളൊന്നായ് കീഴടക്കും
സ്വര്‍ഗ്ഗം ഭൂവില്‍ കൊണ്ടുതരാം പകരമായി (മേലേ)

മൗനം വിട്ടു വാഗ്മിയാകും ഞങ്ങളെല്ലാം
കാതില്‍ ശബ്ദ കാഹളം
പോരിന്‍ ഈണം മൂളിഞങ്ങളൊന്നായ് പിന്നെ
മാറ്റും ചട്ടബന്ധനം
ലോകം ഇന്നു നമ്മളൊന്നായ് കീഴടക്കും
സ്വര്‍ഗ്ഗം ഭൂവില്‍ കൊണ്ടു വരാം പകരമായി (മേലേ)

41

സപ്തസ്വരങ്ങളെ തഴുകി
സ്വരലയമങ്കിതം ഒഴുകി
സപ്തസാഗരങ്ങള്‍ സ്വരരാഗഗംഗയില്‍
പുണ്യാഹതീര്‍ത്ഥമായൊഴുകി

കേളികൊട്ടുണരുന്നു അകലേ
ഉത്രാടരാവേറെയായി
പച്ചയും കത്തിയും ഇടയുന്നു
വിലോലരംഗമഞ്ചം ഉലഞ്ഞു
ഭീമസേനന്‍ പോരുവിളിച്ചിന്നും
ബകകീചകന്‍മാരെ ഹനിക്കുന്നു (സപ്ത)

മിനുക്കും താടിയും കഥയാടി
അരങ്ങിലാവേശമായി
ശുദ്ധമദ്ദളവും ഇടയ്ക്കയും
അസുരവാദ്യവുമിന്നുണര്‍ന്നു
ദക്ഷയാഗം കളിതട്ടിലാടി
രുക്മിണീസ്വയംവരം മംഗളമായ് (സപ്ത)

Wednesday, 16 March 2011

40

തുലാഭാരം ഭൂമിയ്ക്ക് തുലാഭാരം
ക്ഷമകൊണ്ട് ഭൂമിയ്ക്ക് തുലാഭാരം
അതുറച്ചപ്പോളുണ്ടായതമ്മമനം

അമൃതം തുളുമ്പുന്ന കുംഭമല്ലേ
അതുനിറയേ സ്നേഹത്തിന്‍ തേനുമില്ലേ
ആ മനസ്സില്‍ വിരിയും മൊട്ടുകളെ
അന്‍പിന്‍ പവിഴങ്ങളെ ഞാനെടുത്തോട്ടേ (തുലാഭാരം)

അഭയം കൊടുക്കുന്ന ക്ഷേത്രമല്ലേ
അതില്‍ വാഴുന്ന ദേവത അമ്മയല്ലേ‌
ആ മനസ്സില്‍ ചോരുന്ന തീര്‍ത്ഥത്താലെ
എന്‍റെ പിഴവുകളെ ഞാന്‍ കഴുകട്ടേ (തുലാഭാരം)

39

എത്ര ഹൃദയം വാടി കൊഴിഞ്ഞു ഭൂവില്‍
ഏതു ധനം പൊലിയാതെ നിന്നീ മണ്ണില്‍
മര്‍ത്ത്യഹൃദയത്തില്‍ എന്നിട്ടുമെന്തിനീ
മത്സരഭാവങ്ങളെന്നും അതിമോഹഭാവനയെന്നും

സൗഹൃദമെന്നയാ മഹനീയ ഭാവത്തെ
കാത്തിടും ഹൃദയമിന്നുണ്ടോ
കപടതയല്ലോ ഉള്‍പ്പകയല്ലോ
കൃതകപടായോഗമല്ലോ മനുജനേ നയിക്കുന്നു
മരണം വരെയും വിഷയ സുഖങ്ങള്‍ക്ക്
അവനിന്നടിമയല്ലോ (എത്ര)

ഒരു സ്നേഹബിന്ദുവിലൂന്നി നില്‍ക്കുന്നൊരു
മാനവഹൃദയമിന്നുണ്ടോ
കരളഴകുണ്ടോ കനിവതിലുണ്ടോ
പ്രണയശകലങ്ങളുണ്ടോ പ്രപഞ്ചമേ പറയു നീ
മരിയ്ക്കും വരെയും സ്വാര്‍ത്ഥതയില്ലാതെ
ജീവിയ്ക്കും മനുഷ്യനുണ്ടോ (എത്ര)

38

പൂക്കാലം പൂത്തു വിടരുമീ വേളയില്‍
പൂമാനം തെളിഞ്ഞു വിരിയുമീ യാമത്തില്‍
നീഹാരമണിപുഷ്പം അണിഞ്ഞു നില്‍ക്കും
നിന്‍റെ നിറുകില്‍ ഗാന്ധാരം തൂകട്ടെ ഞാന്‍

ഓളങ്ങള്‍ ഇളക്കുമെന്‍ മനക്കടവില്‍
നിന്‍റെ പാദങ്ങളിളക്കുമീ സ്വപ്നവീചി
സുന്ദരസ്വപ്നത്തിന്‍ മധുരവീചികള്‍
നിറയുന്നീയരിയ കതിര്‍ മണ്ഡപത്തില്‍ (പൂക്കാലം)

ചായങ്ങള്‍ ഒഴുക്കിനാം അകച്ചുവരില്‍
വര്‍ണ്ണ പാളികള്‍ പോലെത്ര പടം വരയ്ക്കും
ഇന്നുനാം വരയ്ക്കുമീ ചിത്രങ്ങളെല്ലാം
ഓര്‍മ്മതന്‍വീഥികളില്‍ പിന്നെ തണലാകും (പൂക്കാലം)

37

നിന്മുഖം തേടുന്നു ഞാനെന്നും
നിന്‍ നിഴല്‍ തേടുന്നു ഞാനിന്നും
ജീവന്‍റെ ജീവനായ്‌ മനസ്സിലുറച്ചു നീ
പിന്നെന്തിനെന്നില്‍ നിന്നകന്നു പോയി

നിന്നോടൊരുവാക്കുമോതിയില്ലെങ്കിലും
എന്‍മൗനം പലഗാനമാലപിച്ചു
നിന്നെയൊരുവട്ടം തഴുകിയില്ലെങ്കിലും
മനതാരിലെപ്പോഴും പുണര്‍ന്നിരുന്നു (നിന്മുഖം)

നിന്‍ചിരി പങ്കിടാനെത്തിയില്ലെങ്കിലും
നിന്മിഴിനീരു ഞാന്‍ പകുത്തിരുന്നു
നിന്മിഴിയിണകളെ ചുംബിച്ചില്ലെങ്കിലും
പലകുറി ചുംബിച്ചുവകലെ നിന്നും (നിന്മുഖം)

Tuesday, 15 March 2011

36

ഇഭമുഖനേ സര്‍വ്വവിഘ്നവനുസ്സേ
തൃപ്പാദവന്ദനം പാപഹരം
ജംബൂഫലരസമാസ്വദിപ്പവനേ
നിന്മുന്നിലര്‍പ്പിക്കാം കറുകഹാരം

ശിവശക്തികളെ വലം വച്ചൊരു നാള്‍
ഷണ്മുഖനെ ജയിച്ചവനല്ലോ നീ
കൊട്ടാരക്കരയടക്കിവാഴും നാഥാ
പ്രിയമാമുണ്ണിയപ്പം ന്യേദിക്കാം ഞാന്‍
മോദകപ്രിയനേ ഗണനായകനേ
ശനിദോഷങ്ങളെ അകറ്റിടേണം (ഇഭ)

വ്യാസനു ഭാരതം എഴുതാന്‍ തുണയായ്
ഇരുന്നവനല്ലോ നീ മൂഷികാങ്കാ
പഴവങ്ങാടിയിലമരുന്ന ദേവാ
നിന്‍നടയില്‍ ഉടയ്ക്കാം നാളികേരം
സിദ്ധിയും ബുദ്ധിയും ഇരുവശമില്ലേ
കലിദോഷങ്ങളെ അകറ്റിടേണം (ഇഭ)

Monday, 14 March 2011

35

വ്യര്‍ത്ഥമോഹങ്ങളേ എന്‍റെ മനസ്സിലെ
ദുഃഖപലാശങ്ങള്‍ നിങ്ങള്‍
ആര്‍ദ്രഹൃദന്തത്തില്‍ ആറാടിയൊഴുകും
അന്ധമരാളങ്ങള്‍ നിങ്ങള്‍

നഗ്നസത്യങ്ങളാല്‍ മയനോതി തീര്‍ത്ത
ജീവിതപാലാഴിയ്ക്കുള്ളില്‍
നഷ്ടസ്വപ്നങ്ങള്‍ അകമാറില്‍ കോരിയ
തിഗ്മകാമാലികയ്ക്കുള്ളില്‍
അലരുന്നോ നിങ്ങള്‍ അഴലുന്നോ
അതില്‍ നീറി നിങ്ങള്‍ അടരുന്നോ (മോഹ)

ഭിന്നവിപഞ്ചിക തന്ത്രികള്‍ പോലെന്‍റെ
മ്ലാതമരീചികതന്നില്‍
ഭഗ്നസ്വപ്നങ്ങളെന്‍ കണ്മുന്നില്‍ തീര്‍ത്തൊരു
ദിവ്യസുമാങ്കണത്തട്ടില്‍
ഉഴലുന്നോ നിങ്ങള്‍ ഉണങ്ങുന്നോ
ചുടുനീരില്‍ നിങ്ങള്‍ എരിയുന്നോ (മോഹ)

Friday, 11 March 2011

34

ഗന്ധര്‍വ്വ വീണ വാനില്‍ മീട്ടും
സ്വര്‍ഗ്ഗനങ്ക പോലെ വരൂ നീ പൂര്‍ണ്ണിമേ
വനം കാക്കും ദേവന്‍ വരം തന്ന പൂക്കള്‍
തരാം ഞാന്‍ നീയൊന്നു പാടുകില്‍

നിന്‍റെ പാട്ടിനീണമാകാന്‍
ഞാനേതു രാഗമായും മാറാം
നിന്‍റെ ഗാനം കേട്ടുറങ്ങാന്‍
മന്ത്രമോതിയാശു രാവാക്കാം
നീയൊന്നു പാടുകില്‍ ഞാന്‍ ശബ്ദമായിടാം
നീ പാടും ശ്രീരാഗം കേട്ടു മെല്ലെ ഞാനുറങ്ങാം (ഗന്ധര്‍വ്വ)

സൂമനാദരൂപിണീ നിന്‍
മൗന ഗംഗ പോലും വാചാലം
യുഗ്മഗീതമൊന്നു പാടാന്‍
വിലോലമേഘമേറിടാം ഞാന്‍
നാമൊന്നായ് പാടുകില്‍ ഈ ഭൂമി സുന്ദരം
നാം പാടും സംഗീതം മേദിനിയുമേറ്റു പാടും (ഗന്ധര്‍വ്വ)

Monday, 7 March 2011

33

അരികില്‍ പൂത്തൊരു പൂവഴകേ
അകലുന്നതെന്തിന് തേനരിമ്പേ
മിഴികള്‍ തമ്മിലില്ലാത്ത ദൂരം
മനസുകള്‍ക്കെന്തിന് ഇത്രയധികം

വെറുമൊരു പട്ടു നൂലിന്‍
ഇഴ കോര്‍ത്താലാവുമോ ബന്ധം
ഒരുചെറു കാറ്റിളക്കും
ലതികയല്ല സ്നേഹബന്ധം
മുറിച്ചാലും മുറിചേര്‍ക്കും മന്ത്രമല്ലോ (അരികില്‍)

ഒരുകുംഭം പോന്നു കൊണ്ട്
നിധി തീര്‍ത്താലാവുമോ ബന്ധം
പൊന്നിന്റെ മാറ്റളക്കും
നിറകോലുമല്ല പ്രണയം
മുറിഞ്ഞാലും മുറിവുണക്കും മന്ത്രമല്ലോ (അരികില്‍)

Sunday, 6 March 2011

32

രാവിന്ന് പൂചൂടി
രാകേന്ദുവാം പുഷ്പം
നീ നില്‍പ്പൂ എന്മുന്‍പില്‍
പുഞ്ചിരിപ്പൂ ചൂടി

നീര്‍ കണങ്ങളും അരിയ നിന്‍ചിരിയില്‍
തേന്‍കണങ്ങളായ് നിറയവേ
കണ്ണുനീര്‍കണം പോലെ സ്നിഗ്ദ്ധമാ
പുഞ്ചിരിത്തളിര്‍ പൂക്കവേ
മണ്ണ് വിണ്ണാക്കും നിന്‍ കണ്ണിലെ നാണം
വിണ്ണില്‍ പൂത്തു വിധുവായ് (രാവിന്ന്)

പാല്‍ കണികകള്‍ നിറയും നിന്‍ചിരിയില്‍
തേനുറുമ്പുപോല്‍ മുകരവേ
തൂമകൂപം പോല്‍ നിന്‍റെ പാല്‍ച്ചിരി
എന്‍റെ കണ്ണിലും തൂകവേ
കണ്ണടച്ചാലും നിന്‍ കണ്ണിലെ നാണം
പൂക്കും എന്‍റെ കരളില്‍ (രാവിന്ന്)

Thursday, 3 March 2011

31

ഓണപ്പൂവിളി കേള്‍ക്കുന്നേ
ഓണത്താറും കൂടെയുണ്ടേ
ചിങ്ങവെയിലേറ്റു പാടുന്നേ പൈങ്കിളിയും
ചിങ്ങവെയിലേറ്റു പാടുന്നേ
പൊന്നോണത്തപ്പനെ
വരവേല്ക്കാന്‍ നേരമായ്
പുലികളിക്കാന്‍ പോരുമോ
പൊന്നോണപ്പുടവ തരാം ഞാന്‍

കഥ പറയാന്‍ നേരമായി തത്തമ്മേ
നിന്‍ കൊക്കില്‍ തെച്ചിപ്പൂക്കള്‍ വച്ചതാരാണോ
ഉത്രാടക്കാഴ്ചകള്‍ കാണാനൊരുങ്ങുമ്പോള്‍
സുറുമയിടാന്‍ പോരുമോ
താംബൂലത്തുണ്ട് തരാം ഞാന്‍ (ഓണ)

വഞ്ചിപ്പാട്ട് പാടുവാന്‍ മാളോരേ
നിങ്ങള്‍ പുന്നമടക്കായലില്‍ വെക്കം വരാമോ
മാവേലിമന്നനെ അമരത്തിലേറ്റുമ്പോള്‍
കുരവയിടാന്‍ പോരുമോ
ആമാടത്തുട്ട് തരാം ഞാന്‍ (ഓണ)

Wednesday, 2 March 2011

30

എന്മനസ്സിന്‍ ഭാവനകള്‍
ആനന്ദത്തിന്‍ തേന്‍കണങ്ങള്‍
കാവ്യമയൂരത്തിന്‍ പിഞ്ഛികകള്‍

നിന്നില്‍ ആഭ വിതറി എന്‍റെ മുന്നില്‍ നടനമാടി
ഉണരുന്നതിമധുരത്തിന്‍ മുടിയേറിയ വാകം
വിടരുന്നതിലതിസുന്ദര സുരഭീലയതാരും
എന്നുള്ളില്‍ ഋതുകാലം തീര്‍ത്ത പൂക്കള്‍ (എന്മന)

തുളസി കതിര്‍ പോലേ തഴുകുന്നു നിന്‍റെ കുഴലും
ഉതിരുന്നനുപദമാകേ നറുചന്ദനഗന്ധം
ചൊരിയുന്നനുരാഗം അതില്‍ നടമാടും മനവും
എന്‍ ജീവരാഗത്തിന്‍ തിരുമധുരം (എന്മന)

വിരിയും പൂക്കള്‍ പോലേ എന്‍റെ നെഞ്ചം തിങ്ങും ഭണിതം
വിടരുന്നതില്‍ കവനത്തിന്‍ ഒളിമിന്നും പദങ്ങള്‍
ഉണരും ഉഷമലര്‍പോല്‍ ശുഭതാളം തൂവൊളിപോല്‍
എന്‍ ഭാവതാളത്തിന്‍ മധുകനികള്‍ (എന്മന)

Tuesday, 1 March 2011

29

കടത്തു തോണി തുഴയും തോഴാ കറുത്ത മുണ്ടുടുക്കും മാരാ
കരയിലിത്തിരി കിനാവു കാണാന്‍ നീയടുത്തുവാ

കുഴിച്ചീലയരയിലും കുത്തി തുഴഞ്ഞു നീ പോകും നേരം
മനക്കാമ്പില്‍ കോളും കാറ്റും, ഉരുകുന്നു ഞാന്‍
തുഴയിളക്കും ഓളം നീന്തി പുഴയിളക്കി നീങ്ങും തോണി
ഒരു നേരം കാറ്റത്തുലഞ്ഞാല്‍ വെമ്പിടും ഞാന്‍ (കടത്തു)

മറുകരയില്‍ കണ്ണും നട്ട് പതിവുഗാനം മൂളിപ്പോകേ
ഓര്‍ക്കുമോ നീ എന്നെയപ്പോള്‍ , കൊതിക്കുന്നു ഞാന്‍
നിനവുകള്‍ തന്‍ ഓളം കീറി പുഴയൊഴുകും പോലെയെന്നും
പതിവായ് പടിയില്‍ നിന്നെ കാത്തു നില്ക്കും ഞാന്‍ (കടത്തു)

28

എന്‍റെ മനസിലെ കൊന്ന മരമിന്നും
പൂത്ത് നില്‍പ്പൂ
തങ്കക്കിനാവിലെ തിങ്കള്‍ക്കലപോല്‍
നീയെന്നു വരും
ഒരു മാരിവില്ലിന്‍റെ തൂവഴകുള്ള
പൂക്കള്‍ നുള്ളി തരാം
കിളിവാതിലും അറവാതിലുമെന്നും
തുറന്ന് വയ്ക്കാം

തുഷാരഹാരം കോര്‍ത്തിടാം
പ്രസാദചന്ദ്രികയായിടാം
നിന്മാറിലെ മണിമാലയെന്നുമെന്‍
ജീവനില്‍ തിളങ്ങീടുകില്‍ (എന്‍റെ)

പ്രഭാതപുഷ്പം ചൂടിഞാന്‍
ഒരുരാജഹംസമായിടാം
ചെന്താമര തോല്ക്കുമാ ചൊടിയിലെ
മഞ്ജരി നീതന്നീടുകില്‍ (എന്‍റെ)

ശ്യാമാംബരം പൂകിഞാന്‍
മധുചന്ദ്രലേഖ ചൂടിടാം
നിന്മാസ്മര മണിമന്ദഹാസത്തിന്‍
പൂവണിയണിഞ്ഞീടുകില്‍ (എന്‍റെ)